നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആഡം ആർ. ഹോൾസ്

ക്ഷയിച്ചുപോകൽ

എന്റെ തൊണ്ടയിൽ ഒരു  ഇക്കിളായാണ്  അത് ആരംഭിച്ചത്. ആ ഇക്കിളി ഒരു ജലദോഷമായി മാറി. ശ്വാസകോശ സംബന്ധമായ രോഗത്തിന്റെ ആരംഭമായിരുന്നു അത്.  ജലദോഷം രൂപമാറ്റം വന്ന് ഒരു വില്ലൻ ചുമയായും- അത് പിന്നീട് ന്യൂമോണിയയായും മാറി.

എട്ട് ആഴ്ചത്തെ പുറം പൊളിയുന്ന ചുമ (വില്ലൻചുമ എന്ന് അതിനെ വെറുതെ വിളിക്കുന്നതല്ല) എന്നെ വിനയമുള്ളവനാക്കി. എന്നെ ഞാനൊരു വൃദ്ധനായി കരുതുന്നില്ല. എന്നാൽ അത്തരത്തിലുള്ള ചിന്ത ആരംഭിക്കുവാനുള്ള പ്രായം എനിക്കായി. നമുക്ക് പ്രായമാകുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങൾക്ക് എന്റെ സഭയിലെ ചെറിയ ഗ്രൂപ്പിലെ ഒരംഗം സരസമായി വിളിക്കുന്ന പേരാണ്: "ക്ഷയിച്ചുപോകൽ". എന്നാൽ "പ്രാവർത്തികമായി" നോക്കുമ്പോൾ  ക്ഷയിച്ചുപോകൽ അത്ര തമാശയല്ലതാനും.

2 കൊരിന്ത്യർ 4- ൽ അപ്പോസ്തലനായ പൗലോസ് ഇത്തരം ചുരുങ്ങലുകളെപ്പറ്റി തന്റേതായ ഭാഷയിൽ എഴുതിയിട്ടുണ്ട്. ആ അധ്യായം തനിക്കും കൂട്ടാളികൾക്കുമുണ്ടായ പീഡനങ്ങൾ ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് കനത്ത ദുരിതങ്ങൾ ഏൽക്കേണ്ടി വന്നു. "ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു" എന്ന് താൻ സമ്മതിക്കുന്നു. എന്നാൽ പ്രായത്താലും, പീഡനങ്ങളാലും കഠിനമായ അവസ്ഥകളാലും പ്രയാസപ്പെടുമ്പോഴും തന്റെ പ്രത്യാശ അദ്ദേഹം മുറുകെപ്പിടിച്ചു: "ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു."(വാ.16) "നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടത്തെ"  "അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനവുമായി" താരതമ്യപ്പെടുത്തുവാൻ കഴിയുകയില്ല( വാ.17).

ഇന്ന് രാത്രിയിൽ ഞാനിത് എഴുതുമ്പോൾ തന്നെ "ക്ഷയിച്ചുപോകൽ" എന്റെ നെഞ്ച് ഞെരുക്കുന്നു. എന്നാൽ ക്രിസ്തുവിനോട് പറ്റിച്ചേർന്നിരിക്കുന്ന എന്റെയോ മറ്റൊരാളുടെയോ ജീവിതത്തിൽ ഇവയ്ക്ക് യാതൊരു സ്വാധീനവുമില്ല എന്ന് മനസിലാക്കുന്നു.

ആശ്ലേഷിക്കുക

'ഡാഡീ, എനിക്കു വായിച്ചുതരുമോ?' എന്റെ മകള്‍ ചോദിച്ചു. ഒരു കുഞ്ഞ് മാതാപിതാക്കളോട് ഇത്തരം ചേദ്യം ചോദിക്കുന്നത് അസാധാരണമല്ല. പക്ഷേ, എന്റെ മകള്‍ക്ക് ഇപ്പോള്‍ പതിനൊന്നു വയസ്സുണ്ട്. ഈ ദിവസങ്ങളില്‍, അത്തരം അഭ്യര്‍ത്ഥനകള്‍ അവള്‍ ചെറുപ്പമായിരുന്നതിനെക്കാള്‍ കുറവാണ്. 'തരാം,' ഞാന്‍ സന്തോഷത്തോടെ പറഞ്ഞു, അവള്‍ കട്ടിലില്‍ എന്റെ അരികില്‍ ചുരുണ്ടുകൂടിയിരുന്നു.

ഞാന്‍ അവള്‍ക്കു വായിച്ചു കൊടുക്കുമ്പോള്‍, അവള്‍ എന്നിലേക്കു ചേര്‍ന്നിരുന്നു. ഒരു പിതാവ് എന്ന നിലയിലുള്ള മഹത്വകരമായ നിമിഷങ്ങളിലൊന്നാണത്്. ഒരുപക്ഷേ, നമ്മുടെ പിതാവിനു നമ്മോടുള്ള തികഞ്ഞ സ്‌നേഹത്തിന്റെയും, അവിടുത്തെ സാന്നിധ്യത്തോടും നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തോടും നാം പറ്റിച്ചേര്‍ന്നിരിക്കണമെന്ന അവിടുത്തെ അഗാധമായ ആഗ്രഹത്തിന്റെ ഒരു സൂചനയും ആയിരുന്നു അത്.

ഞാന്‍ എന്റെ പതിനൊന്നുകാരി മകളെപ്പോലെയാണെന്ന് ആ നിമിഷം ഞാന്‍ മനസ്സിലാക്കി. മിക്കപ്പോഴും, ഞാന്‍ സ്വതന്ത്രനായിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നമ്മോടുള്ള ദൈവസ്‌നേഹവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് വളരെ എളുപ്പമാണ് - ആര്‍ദ്രവും സംരക്ഷണപരവുമായ സ്‌നേഹം എന്നു 116-ാം സങ്കീര്‍ത്തനം വിവരിക്കുന്നതുപോലെ  'കൃപയും നീതിയും ഉള്ളവന്‍; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നേ' (വാ. 5). എന്റെ മകളെപ്പോലെ, ദൈവത്തിന്റെ മടിയിലിരുന്ന്, എന്നെപ്രതിയുള്ള അവിടുത്തെ സന്തോഷത്തില്‍ മതിമറിന്നിരിക്കുന്ന സ്‌നേഹമാണത്.

സങ്കീര്‍ത്തനം 116:7 സൂചിപ്പിക്കുന്നത്, ദൈവത്തിന്റെ നല്ല സ്‌നേഹത്തെക്കുറിച്ചു നാം പതിവായി നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കണമെന്നാണ്്. തുടര്‍ന്ന് നമുക്കായി വിരിച്ചിരിക്കുന്ന അവിടുത്തെ കരങ്ങളിലേക്ക് ഒതുങ്ങിയിരിക്കുക: 'എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.'' അതേ തീര്‍ച്ചയായും, അവിടുന്നതു ചെയ്തിരിക്കുന്നു.

ഭയത്തിന്റെ കൊടുങ്കാറ്റുകള്‍

അടുത്തിടെ ഞാന്‍ കണ്ട ഒരു ടിവി പരസ്യത്തില്‍, ഒരു സ്ത്രീ ടിവി കണ്ടുകൊണ്ടിരുന്ന ഒരു സംഘത്തിലെ ഒരാളോടു ചോദിക്കുന്നു, 'മാര്‍ക്ക്, താങ്കള്‍ എന്താണ് അന്വേഷിക്കുന്നത്?'' 'ഭയത്തെ അടിസ്ഥാനമാക്കി തീരുമാനങ്ങള്‍ എടുക്കാത്ത എന്റെ ഒരു പതിപ്പ്,'' അദ്ദേഹം ശാന്തമായി പ്രതികരിക്കുന്നു - ടിവിയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നതെന്താണെന്നാണ് അവള്‍ ചോദിക്കുന്നതെന്ന് അയാള്‍ മനസ്സിലാക്കുന്നില്ല!

വോ, ഞാന്‍ ചിന്തിച്ചു. ഒരു ടിവി പരസ്യം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല! പക്ഷെ എനിക്കു പാവം മാര്‍ക്കുമായി ബന്ധമുള്ളതായി തോന്നി: ഭയം ചിലപ്പോള്‍ എന്റെ ജീവിതത്തെ നയിക്കുന്നതായി തോന്നുന്നതില്‍ എനിക്ക് ലജ്ജ തോന്നുന്നു.

യേശുവിന്റെ ശിഷ്യന്മാരും ഭയത്തിന്റെ അഗാധമായ ശക്തി അനുഭവിച്ചു. ഒരിക്കല്‍, അവര്‍ ഗലീലക്കടലിനു കുറുകെ പോകുമ്പോള്‍ (മര്‍ക്കൊസ് 4:35) 'വലിയ ചുഴലിക്കാറ്റ് ഉണ്ടായി'' (വാ. 37). ഭയം അവരെ പിടികൂടി, യേശുവിന് (ഉറങ്ങുകയായിരുന്നു) തങ്ങളെക്കുറിച്ചു വിചാരമില്ലെന്ന് അവര്‍ ചിന്തിച്ചു: ''ഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരമില്ലയോ?'' (വാ. 38).

ഭയം, ശിഷ്യന്മാരുടെ ദര്‍ശനത്തെ വികലമാക്കി. അവരെക്കുറിച്ചുള്ള യേശുവിന്റെ നല്ല ഉദ്ദേശ്യങ്ങള്‍ കാണാത്ത നിലയില്‍ അവരുടെ കണ്ണുകളെ അന്ധമാക്കി. കാറ്റിനെയും തിരമാലയെയും ശാസിച്ചശേഷം (വാ. 39), തുളച്ചുകയറുന്ന രണ്ടു ചോദ്യങ്ങളുമായി അഭിമുഖീകരിച്ചു: 'നിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്ത്? നിങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ?'' (വാ. 40).

നമ്മുടെ ജീവിതത്തിലും കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കാം, ശരിയല്ലേ? എന്നാല്‍ യേശുവിന്റെ ചോദ്യങ്ങള്‍ നമ്മുടെ ഭയത്തെ ശരിയായ വീക്ഷണകോണില്‍ നിര്‍ത്താന്‍ സഹായിക്കും. യേശുവിന്റെ ആദ്യചോദ്യം നമ്മുടെ ഭയത്തിനു പേരിടാന്‍ നമ്മോടാവശ്യപ്പെടുന്നു. രണ്ടാമത്തേത്, വികലമായ ആ വികാരങ്ങളെ അവനെ ഭരമേല്പിക്കാന്‍ നമ്മെ ക്ഷണിക്കുന്നു - ഒപ്പം ജീവിതത്തിലെ ഏറ്റവും രൂക്ഷമായ കൊടുങ്കാറ്റുകളിലൂടെപ്പോലും അവിടുന്ന് നമ്മെ എങ്ങനെ നയിക്കുന്നുവെന്ന് കാണാനുള്ള കണ്ണുകള്‍ നല്‍കാന്‍ കര്‍ത്താവിനോട് ആവശ്യപ്പെടുന്നതിനും.

തഴെച്ചുവളരുവാനായി ചെത്തുക

ഒരു പൂച്ചെടിയില്‍ ഒരു വലിയ തേനീച്ച വന്നിരിക്കുന്നത് നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ചെടിയുടെ സമൃദ്ധമായ ശാഖകള്‍ വര്‍ണ്ണാഭമായിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. അതിന്റെ തിളങ്ങുന്ന നീല പൂക്കള്‍ എന്റെ കണ്ണുകളെയും തേനീച്ചയെയും ഒരുപോലെ ആകര്‍ഷിച്ചു. എങ്കിലും കഴിഞ്ഞ ശരത്കാലത്ത്, ഇത് എപ്പോഴെങ്കിലും പൂക്കുമോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ആ പെരിവിങ്കിള്‍ ചെടിയുടെ ശാഖകള്‍ വെട്ടിക്കളയുമ്പോള്‍, അവര്‍ അതിനെ നശിപ്പിച്ചുകളയാന്‍ തീരുമാനിച്ചു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, എനിക്ക് ക്രൂരമായി തോന്നിയ ചെത്തിവെടിപ്പാക്കലിന്റെ പ്രസന്നമായ ഫലത്തിനു ഞാന്‍ ഇപ്പോള്‍ സാക്ഷിയായിരിക്കുന്നു.

കഠിനമായ മുറിവുകളുടെ ഫലമായുണ്ടാകുന്ന അതിശയിപ്പിക്കുന്ന സൗന്ദര്യമായിരിക്കാം, വിശ്വാസികള്‍ക്കിടയിലെ ദൈവത്തിന്റെ പ്രവര്‍ത്തനത്തെ വിവരിക്കാനായി ചെത്തിവെടിപ്പാക്കലിന്റെ ചിത്രത്തെ യേശു തിരഞ്ഞെടുത്തതിന്റെ ഒരു കാരണം. യോഹന്നാന്‍ 15ല്‍, 'ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. ... കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു' (വാ. 1-2) എന്നു കാണുന്നു.

നല്ല സമയത്തും മോശം സമയങ്ങളിലും ആത്മീയ പുതുക്കലിനും ഫലപ്രാപ്തിക്കുമായി ദൈവം എപ്പോഴും നമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യേശുവിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (വാ. 5). കഷ്ടതയുടെയോ വൈകാരികമായ ഫലശൂന്യതയുടെയോ 'ചെത്തിവെടിപ്പാക്കല്‍' സമയങ്ങളില്‍ ഇനി എന്നെങ്കിലും വീണ്ടും തളിര്‍ക്കുമോ എന്ന് നാം അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ തന്നോട് ചേര്‍ന്നുനില്‍ക്കാന്‍ ക്രിസ്തു നമ്മെ പ്രോത്സാഹിപ്പിക്കുന്നു: 'കൊമ്പിനു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കും കഴികയില്ല' (വാ. 4).

നാം നിരന്തരം യേശുവില്‍ നിന്ന് ആത്മീയ പോഷണം സ്വീകരിക്കുമ്പോള്‍, തത്ഫലമായി നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സൗന്ദര്യവും ഫലവും (വാ. 8) ദൈവത്തിന്റെ നന്മയെ ലോകത്തിനു കാണിച്ചുകൊടുക്കും.

യേശുവിന്റെ വേഗതയില്‍ നീങ്ങുക

അടുത്തയിടെ, എന്റെ കാറിന് റിപ്പയറിംഗ് ആവശ്യമായി വന്നു. വര്‍ക്ക്‌ഷോപ്പ് വളരെ അടുത്തായിരുന്നു, വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു മൈല്‍ അകലെ. അതിനാല്‍ ഞാന്‍ വീട്ടിലേക്ക് നടക്കാന്‍ തീരുമാനിച്ചു. തിരക്കേറിയ റോഡരികിലൂടെ നടക്കുമ്പോള്‍, ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു: എല്ലാവരും വളരെ വേഗത്തില്‍ നീങ്ങുന്നു.

ഇത് റോക്കറ്റ് ശാസ്ത്രമല്ല. കാല്‍നടയാത്രക്കാരേക്കാള്‍ വേഗത്തില്‍ കാറുകള്‍ പോകുന്നു. സിപ്പ്, സിപ്പ്, സിപ്പ്! ഞാന്‍ വീട്ടിലേക്ക് നടക്കുമ്പോള്‍, എനിക്ക് ഒരു തിരിച്ചറിവ് ഉണ്ടായി: അതിവേഗം സഞ്ചരിക്കുന്നതിനോടു നാം പൊരുത്തപ്പെട്ടിരിക്കുന്നു. എല്ലായ്‌പ്പോഴും. അപ്പോള്‍ മറ്റൊരു തിരിച്ചറിവ് ഉണ്ടായി: ദൈവവും വേഗത്തില്‍ നീങ്ങണമെന്ന് ഞാന്‍ പലപ്പോഴും പ്രതീക്ഷിക്കുന്നു. അവന്റെ പദ്ധതികള്‍ എന്റെ വേഗത്തിലുള്ള ടൈംടേബിളിന് അനുയോജ്യമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

യേശു ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍, അവന്റെ മന്ദഗതിയിലുള്ള ചലനം ചിലപ്പോള്‍ അവന്റെ സുഹൃത്തുക്കളെ നിരാശപ്പെടുത്തി. യോഹന്നാന്‍ 11-ല്‍, മറിയയും മാര്‍ത്തയും അവരുടെ സഹോദരന്‍ ലാസര്‍ രോഗിയാണെന്ന വിവരം യേശുവിനെ അറിയിച്ചു. യേശുവിന് സഹായിക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാമായിരുന്നു (വാ. 1-3). എന്നാല്‍ ലാസര്‍ മരിച്ച് നാലുദിവസത്തിനുശേഷമാണ് അവന്‍ വന്നത് (വാ. 17). മാര്‍ത്ത യേശുവിനോട്: 'കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു'' എന്നു പറഞ്ഞു (വാ. 21). തര്‍ജ്ജം: യേശു വേണ്ടത്ര വേഗത്തില്‍ നീങ്ങിയില്ല. എന്നാല്‍ ലാസറിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കുക എന്ന വലിയ പദ്ധതി അവനുണ്ടായിരുന്നു (വാ. 38-44).

മാര്‍ത്തയുടെ നിരാശയുമായി നിങ്ങള്‍ക്ക് ബന്ധമുള്ളതായി തോന്നുന്നോ? എനിക്ക് തോന്നുന്നു. ചില സമയങ്ങളില്‍, ഒരു പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കാന്‍ യേശു കൂടുതല്‍ വേഗത്തില്‍ നീങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചിലപ്പോള്‍, അവന്‍ വൈകിപ്പോയെന്ന് തോന്നുന്നു. എന്നാല്‍ യേശുവിന്റെ പരമാധികാര പ്രവര്‍ത്തന പട്ടിക നമ്മുടേതില്‍ നിന്ന് വ്യത്യസ്തമാണ്. തന്റെ ടൈംടേബിളിന്‍ പ്രകാരമാണ് അവന്‍ തന്റെ രക്ഷിപ്പിന്‍ വേല നിര്‍വഹിക്കുന്നത്, നമ്മുടെ ടൈംടേബിള്‍ അനുസരിച്ചല്ല. ആത്യന്തിക ഫലം അവിടുത്തെ മഹത്വവും നമ്മുടെ പദ്ധതികളേക്കാള്‍ എത്രയോ വലുതായിട്ടുള്ള വിധത്തില്‍ നന്മയും വെളിപ്പെടുത്തുന്നതായിരിക്കും.

ടര്‍ക്കികള്‍ പഠിപ്പിച്ചത്

ഒരു കൂട്ടം ടര്‍ക്കികളെ എന്താണ് വിളിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അതിനെ റാഫ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഞാന്‍ എന്തിനാണ് ടര്‍ക്കികളെക്കുറിച്ച് എഴുതുന്നത്? കാരണം ഞാന്‍ ഒരു പര്‍വ്വത ക്യാബിനില്‍ ഒരു വാരാന്ത്യം ചിലവഴിച്ചതിനുശേഷം തിരിച്ചെത്തിയതേയുള്ളു. ഓരോ ദിവസവും, ടര്‍ക്കികളുടെ ഒരു നിര ഞങ്ങളുടെ പൂമുഖത്തുകൂടെ പരേഡു നടത്തുന്നതു ഞാന്‍ കണ്ടിരുന്നു.

ഞാന്‍ മുമ്പ് ടര്‍ക്കിയെ നിരീക്ഷിച്ചിട്ടില്ല. ശ്രദ്ധേയമായ പാദങ്ങള്‍ ഉപയോഗിച്ച് അവ ശക്തിയായി മാന്തുമായിരുന്നു. എന്നിട്ട് അവര്‍ വേട്ടയാടുകയും നിലത്തുകൊത്തുകയും ചെയ്തു. ഭക്ഷിക്കാനാണെന്നു ഞാന്‍ കരുതുന്നു (ഇത് എന്റെ ആദ്യത്തെ ടര്‍ക്കി നിരീക്ഷണമായതിനാല്‍, എനിക്കു 100 ശതമാനം ഉറപ്പില്ലായിരുന്നു). വരണ്ട ആ പ്രദേശം കണ്ടിട്ട് അവയ്‌ക്കൊന്നും അധികകാലം നിലനില്‍ക്കാന്‍ കഴിയില്ലെന്നു തോന്നി. പക്ഷേ ഒരു ഡസനോളം വരുന്ന ഈ ടര്‍ക്കികള്‍ തടിച്ചുകൊഴുത്ത് ആരോഗ്യമുള്ളവയായി കാണപ്പെട്ടു.

നന്നായി പോഷിപ്പിക്കപ്പെട്ട ആ ടര്‍ക്കികളെ നിരീക്ഷിക്കുന്നത് മത്തായി 6:26-ലെ യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ കൊണ്ടുവന്നു: ''ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?' നമ്മോടുള്ള കരുതലിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനായി, വിലയില്ലാത്തതായി കാണപ്പെടുന്ന പക്ഷികള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ യേശു ഉപയോഗിക്കുന്നു. ഒരു പക്ഷിയുടെ ജീവിതം പ്രാധാന്യമര്‍ഹിക്കുന്നുവെങ്കില്‍, നമ്മുടേത് എത്രയധികം? നമ്മുടെ ദൈനംദിന ആവശ്യങ്ങളെക്കുറിച്ചു ആകുലപ്പെടുന്ന ജീവിതവും 'മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുന്ന,' അവിടുന്ന് നമ്മുടെ ആവശ്യങ്ങളെ സമൃദ്ധമായി കരുതുമെന്ന് ആത്മവിശ്വാസമുള്ള ജീവിതവും തമ്മിലുള്ള അന്തരം യേശു മനസ്സിലാക്കി തരുന്നു. കാരണം, കാട്ടു ടര്‍ക്കികളുടെ കൂട്ടത്തെ പരിപാലിക്കാന്‍ ദൈവത്തിന് കഴിയുമെങ്കില്‍, തീര്‍ച്ചയായും നിങ്ങളെയും എന്നെയും പരിപാലിക്കാന്‍ അവനു കഴിയും.

ഒരു ഗായികയുടെ ഹൃദയം

സ്തുതിഗീതം താഴത്തെ നിലയിലേക്ക് ഒഴുകിയിറങ്ങി. . . ഒരു ശനിയാഴ്ച രാവിലെ 6:33 ന്. മറ്റാരും ഉണര്‍ന്നിരിക്കുമെന്ന് ഞാന്‍ കരുതിയില്ല, പക്ഷേ എന്റെ ഇളയ മകളുടെ ശബ്ദം എന്റെ അനുമാനം തെറ്റാണെന്ന് തെളിയിച്ചു. അവള്‍ ശരിക്കും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നില്ല, പക്ഷേ അവളുടെ ചുണ്ടുകളില്‍ ഇതിനകം ഒരു പാട്ട് ഉണ്ടായിരുന്നു.

എന്റെ ഇളയവള്‍ ഒരു ഗായികയാണ്. വാസ്തവത്തില്‍, അവള്‍ക്ക് പാടാതിരിക്കാന്‍ കഴിയില്ല. അവള്‍ ഉണരുമ്പോള്‍ പാടുന്നു. അവള്‍ സ്‌കൂളില്‍ പോകുമ്പോള്‍, അവള്‍ ഉറങ്ങാന്‍ പോകുമ്പോള്‍, എല്ലാം പാടുന്നു. ഹൃദയത്തില്‍ ഒരു പാട്ടോടെയാണ് അവള്‍ ജനിച്ചത് - മിക്കപ്പോഴും, അവളുടെ ഗാനങ്ങള്‍ യേശുവിനെ കേന്ദ്രീകരിക്കുന്നു. അവള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും ദൈവത്തെ സ്തുതിക്കും.

എന്റെ മകളുടെ ശബ്ദത്തിന്റെ ലാളിത്യവും ഭക്തിയും ആത്മാര്‍ത്ഥതയും ഞാന്‍ ഇഷ്ടപ്പെടുന്നു. അവളുടെ സ്വതസിദ്ധവും സന്തോഷകരവുമായ ഗാനങ്ങള്‍ തിരുവെഴുത്തിലുടനീളം കണ്ടെത്തിയ, ദൈവത്തെ സ്തുതിക്കുന്നതിനുള്ള ആഹ്വാനങ്ങളെ പ്രതിധ്വനിപ്പിക്കുന്നു. 95-ാം സങ്കീര്‍ത്തനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു, ''വരുവിന്‍, നാം യഹോവയ്ക്ക് ഉല്ലസിച്ചു ഘോഷിക്കുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആര്‍പ്പിടുക' (വാ. 1). കൂടുതല്‍ വായിച്ചാല്‍ അവന്‍ ആരാണ് എന്നതില്‍ നിന്നും ('യഹോവ മഹാദൈവമല്ലോ; അവന്‍ സകല ദേവന്മാര്‍ക്കും മീതേ മഹാരാജാവു തന്നേ,' വാ. 3) നാം ആരാണ് എന്നതില്‍ നിന്നും ('നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ,''വാ. 7) ആണ് ഈ ആരാധന പുറപ്പെടുന്നത് എന്നു മനസ്സിലാകും.

എന്റെ മകളെ സംബന്ധിച്ചിടത്തോളം, ആ സത്യങ്ങളാണ് പ്രഭാതത്തിലെ അവളുടെ ആദ്യ ചിന്ത. ദൈവകൃപയാല്‍, ഈ കൊച്ചു ആരാധക, അവനു പാടുന്നതിന്റെ സന്തോഷത്തിന്റെ ആഴത്തിലുള്ള ഓര്‍മ്മപ്പെടുത്തല്‍ ഞങ്ങള്‍ക്കു നല്‍കുന്നു.

കുഴപ്പങ്ങളോട് സമാധാനമായിരിക്കുക

അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞങ്ങള്‍ മിക്കവാറും വീട്ടിലെത്തിയിരുന്നു: ഞങ്ങളുടെ കാറിന്റെ താപനില സൂചിപ്പിക്കുന്ന സൂചി കുത്തനെ മുകളിലേക്ക് ഉയര്‍ന്നിരുന്നു. ഞങ്ങള്‍ മുറ്റത്തെത്തിയപ്പോള്‍ ഞാന്‍ എഞ്ചിന്‍ നിര്‍ത്തി പുറത്തേക്കു ചാടി. ബോണറ്റില്‍നിന്ന് പുക പുറത്തേക്ക് ഉയര്‍ന്നു. മുട്ട വറുക്കുന്നതുപോലെ എഞ്ചിന്‍ വിറച്ചു. ഞാന്‍ കാര്‍ കുറച്ചു പുറകോട്ടു മാറ്റിയപ്പോള്‍ അവിടെ ഓയില്‍ വീണു കിടക്കുന്നതു കണ്ടു. എന്താണ് സംഭവിച്ചതെന്ന് തല്‍ക്ഷണം എനിക്കു മനസ്സിലായി: ഹെഡ് ഗ്യാസ്‌ക്കറ്റ് തെറിച്ചുപോയിരിക്കുന്നു.

ഞാന്‍ നെടുവീര്‍പ്പിട്ടു. മറ്റ് വിലയേറിയ അറ്റകുറ്റപ്പണികള്‍ക്ക് ഞങ്ങള്‍ പണം മുടക്കി. എന്തുകൊണ്ടാണ് കാര്യങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തത്? ഞാന്‍ കൈപ്പോടെ പിറുപിറുത്തു. എന്തുകൊണ്ടാണ് കാര്യങ്ങള്‍ കേടാകുന്നത് നിര്‍ത്താന്‍ കഴിയാത്തത്?

നിങ്ങള്‍ക്ക് സമാനമായ അനുഭവമുണ്ടോ? ചിലപ്പോള്‍ നാം ഒരു പ്രതിസന്ധി മറകടക്കുന്നു, ഒരു പ്രശ്‌നം പരിഹരിക്കുന്നു, ഒരു വലിയ ബില്‍ അടയ്ക്കുന്നു, മറ്റൊന്നിനെ നേരിടാന്‍ വേണ്ടി മാത്രം. ചിലപ്പോള്‍ ആ പ്രശ്നങ്ങള്‍ ഒരു എഞ്ചിന്‍ സ്വയം കേടാകുന്നതിനേക്കാള്‍ വളരെ വലുതാണ് - അപ്രതീക്ഷിതമായ ഒരു രോഗനിര്‍ണയം, ഒരു അകാല മരണം, ഒരു ഭയാനകമായ നഷ്ടം.

ആ നിമിഷങ്ങളില്‍, തകര്‍ന്നതും കുഴപ്പമില്ലാത്തതുമായ ഒരു ലോകത്തിനായി നാം ആഗ്രഹിച്ചു പോകുന്നു. യേശു വാഗ്ദത്തം ചെയ്ത ആ ലോകം വരുന്നു. എന്നാല്‍ ഇതുവരെയും ആയിട്ടില്ല: ''ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്'' എന്ന് യോഹന്നാന്‍ 16-ല്‍ യേശു തന്റെ ശിഷ്യന്മാരെ ഓര്‍മ്മിപ്പിച്ചു. ''എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു'' (വാ. 33). വിശ്വാസത്തിനുവേണ്ടിയുള്ള പീഡനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് യേശു ആ അധ്യായത്തില്‍ സംസാരിച്ചു. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍, തന്നില്‍ പ്രത്യാശിക്കുന്നവര്‍ക്കുള്ള അവസാന വാക്ക് അല്ലെന്ന് അവന്‍ പഠിപ്പിച്ചു.

ചെറുതും വലുതുമായ പ്രശ്നങ്ങള്‍ നമ്മെ തൂക്കിനോക്കും. എന്നാല്‍ അവനോടൊപ്പമുള്ള ഒരു നല്ല നാളെയെക്കുറിച്ചുള്ള യേശുവിന്റെ വാഗ്ദത്തം, നമ്മുടെ കഷ്ടതകള്‍ ഇന്നത്തെ നമ്മുടെ ജീവിതത്തെ നിര്‍വചിക്കാന്‍ അനുവദിക്കാതിരിക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

ആത്മീയ ഡ്രൈവിംഗ്

ഞങ്ങള്‍ ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ഡ്രൈവിംഗ് പരിശീലകന്‍, നാം റോഡ് സൂക്ഷ്മമായി നിരീക്ഷിക്കുകയും, അപകടങ്ങള്‍ തിരിച്ചറിയുകയും അതെന്തു തരം അപകടമായിരിക്കുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കുകയും നാം എങ്ങനെ പ്രതികരിക്കുമെന്നു നിശ്ചയിക്കുകയും വേണ്ടിവന്നാല്‍ ആ പദ്ധതി നടപ്പാക്കുകയും വേണം എന്ന് എപ്പോഴും പറയുമായിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ മനഃപൂര്‍വ്വം പ്രവര്‍ത്തിക്കാനുള്ള തന്ത്രമായിരുന്നു അത്.

ആ ആശയം നമ്മുടെ ആത്മീയ ജീവിതത്തിലേക്ക് എങ്ങനെ പരിവര്‍ത്തനം ചെയ്യാമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. എഫെസ്യര്‍ 5-ല്‍ പൗലൊസ് എഫെസ്യന്‍ വിശ്വാസികളോട് പറഞ്ഞു, ''ആകയാല്‍ സൂക്ഷ്മതയോടെ, അജ്ഞാനികളായല്ല ജ്ഞാനികളായത്രേ നടക്കുവാന്‍ നോക്കുവിന്‍'' (വാ. 15). ചില അപകടങ്ങള്‍ എഫെസ്യരെ - യേശുവിന്റെ പുതിയ ജീവിതവുമായി വൈരുദ്ധ്യമുള്ള പഴയ ജീവിതരീതികളിലേക്കു (വാ. 8, 10-11) - വഴിതെറ്റിക്കുമെന്ന് പൗലൊസിന് അറിയാമായിരുന്നു. അതുകൊണ്ട് വളര്‍ന്നുവരുന്ന സഭയോട് സൂക്ഷ്മത പുലര്‍ത്താന്‍ അവന്‍ നിര്‍ദ്ദേശിച്ചു.

''സൂക്ഷ്മതയോടെ നടക്കുക'' എന്ന് വിവര്‍ത്തനം ചെയ്ത വാക്കുകളുടെ അര്‍ത്ഥം, ചുറ്റും നോക്കുക. അപകടങ്ങള്‍ ശ്രദ്ധിക്കുക, മദ്യപാനം, അശ്രദ്ധമായ ജീവിതം പോലെയുള്ള വ്യക്തിപരമായ അപകടങ്ങള്‍ ഒഴിവാക്കുക (വാ. 18). പകരം, അപ്പൊസ്തലന്‍ പറഞ്ഞു, 'ബുദ്ധിഹീനരാകാതെ കര്‍ത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്‍വിന്‍' (വാ. 17), അതേസമയം, സഹവിശ്വാസികളോടൊപ്പം നാം പാടുകയും അവനു നന്ദി പറയുകയും ചെയ്യുന്നു (വാ. 19-20).

നാം എന്ത് അപകടങ്ങളെ അഭിമുഖീകരിച്ചാലും - നാം ഇടറിവീണാലും - ക്രിസ്തുവിന്റെ അതിരുകളില്ലാത്ത ശക്തിയെ ആശ്രയിച്ച് വളരുന്നതിനനുസരിച്ച് നമ്മുടെ പുതിയ ജീവിതം നമുക്ക് അനുഭവിക്കാന്‍ കഴിയും .

തഴച്ചുവളരുന്ന വൃക്ഷം

എനിക്ക് എപ്പോഴും വസ്തുക്കള്‍ ശേഖരിക്കുന്നയാളുടെ ഒരു മനസ്സാണുള്ളത. കുട്ടിക്കാലത്ത് ഞാന്‍ സ്റ്റാമ്പുകള്‍ ശേഖരിച്ചു. നാണയങ്ങള്‍. കോമിക്കുകള്‍. ഇപ്പോള്‍, ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍, എന്റെ കുട്ടികളിലും ഇതേ താല്‍പ്പര്യം ഞാന്‍ കാണുന്നു. ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്, നിങ്ങള്‍ക്ക് ശരിക്കും മറ്റൊരു ടെഡി ബെയറിന്റെ ആവശ്യമുണ്ടോ?

തീര്‍ച്ചയായും, ഇത് ആവശ്യകതയെക്കുറിച്ചല്ല. ഇത് പുതിയ ചിലതിന്റെ ആകര്‍ഷണത്തെക്കുറിച്ചാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ പഴയതും അപൂര്‍വമായതുമായ എന്തെങ്കിലും നമ്മെ ആകര്‍ഷിക്കുന്നത്. നമ്മുടെ ഭാവനയെ ആകര്‍ഷിക്കുന്നതെന്തിനെക്കുറിച്ചും, നമുക്ക് ''എക്‌സ്'' ഉണ്ടായിരുന്നുവെങ്കില്‍ നമ്മുടെ ജീവിതം മികച്ചതായിരിക്കുമെന്ന് വിശ്വസിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുന്നു. നാം സന്തുഷ്ടരാകും. സംതൃപ്തരാകും.

എന്നാല്‍ അവയൊന്നും ഒരിക്കലും നന്മ നല്‍കുകയില്ല. എന്തുകൊണ്ട്? കാരണം, ദൈവം നമ്മെ സൃഷ്ടിച്ചത് അവനാല്‍ നാം നിറയപ്പെടാനാണ്, അല്ലാതെ നമ്മുടെ ഹൃദയങ്ങളെ തൃപ്തിപ്പെടുത്തുമെന്നു നാം വിചാരിക്കുന്ന നമ്മുടെ ചുറ്റുമുള്ള ലോകത്തിലെ വസ്തുക്കള്‍കൊണ്ടു നാം നിറയപ്പെടാനല്ല.

ഈ പിരിമുറുക്കം പുതിയതല്ല. സദൃശവാക്യങ്ങള്‍ രണ്ട് ജീവിതരീതികളെ താരതമ്യപ്പെടുത്തുന്നു: ദൈവത്തെ സ്‌നേഹിക്കുന്നതിലും ഉദാരമായി നല്‍കുന്നതിലും അധിഷ്ഠിതമായ ഒരു ജീവിതവും സമ്പത്തിന്റെ പുറകേ പോകുന്ന ഒരു ജീവിതവും. സദൃശവാക്യങ്ങള്‍ 11: 28-ല്‍ ഇപ്രകാരം പറയുന്നു: ''വസ്തുക്കള്‍ക്കായി നീക്കിവച്ചിരിക്കുന്ന ജീവിതം മരിച്ച ജീവിതമാണ്, ഒരു മരക്കഷണം; ദൈവത്താല്‍ രൂപപ്പെടുത്തപ്പെട്ട ജീവിതം തഴച്ചുവളരുന്ന വൃക്ഷമാണ്.'

എന്തൊരു ചിത്രം! ജീവിതത്തിന്റെ രണ്ട് വഴികള്‍: ഒന്ന് തഴച്ചുവളരുന്നതും ഫലദായകവുമാണ്, ഒന്ന് പൊള്ളയായതും ഫലശൂന്യവും. ഭൗതിക സമൃദ്ധി ''നല്ല ജീവിത''ത്തിന് തുല്യമാണെന്ന് ലോകം തറപ്പിച്ചുപറയുന്നു. നേരെമറിച്ച്, തന്നില്‍ വേരൂന്നാനും അവന്റെ നന്മ അനുഭവിക്കാനും ഫലപ്രദമായി തഴച്ചുവളരാനും ദൈവം നമ്മെ ക്ഷണിക്കുന്നു. അവനുമായുള്ള നമ്മുടെ ബന്ധത്താല്‍ നാം രൂപപ്പെടുമ്പോള്‍, ദൈവം അകത്തു നിന്ന് നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ട് നമ്മുടെ ഹൃദയങ്ങളെയും ആഗ്രഹങ്ങളെയും പുനര്‍രൂപപ്പെടുത്തുന്നു.